Ticker

6/recent/ticker-posts

Temple art 4


ഗരുഡൻ തൂക്കം



കേരളത്തിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുമുള്ള ചില പഴക്കംചെന്ന ക്ഷേത്രങ്ങളിൽ പരമ്പരാഗതമായി നടന്നുവരുന്ന ഒരു അനുഷ്ഠാനമാണ് ഗരുഡൻ തൂക്കം അഥവാ തൂക്കം.
വളരെ ചെറിയ ശ്രീകോവിലും അതിനുചുറ്റും വിശാലമായ മുറ്റവുമുള്ള ക്ഷേത്രങ്ങൾക്ക് അനുയോജ്യമായ അനുഷ്ഠാനമാണ് തൂക്കം. ശ്രീകോവിലിന്റെ പാർശ്വത്തിൽ നിന്ന് പുറത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഒരു തടിയുടെ അഗ്രത്തോട് രണ്ടോ അതിലധികമോ പുരുഷന്മാരെ ബന്ധിച്ചതിനുശേഷം ആ തടിയുടെ അഗ്രഭാഗം ഉത്തോലകതത്വം അനുസരിച്ച് ഉയർത്തി ക്ഷേത്രത്തിനെ പ്രദക്ഷിണം വയ്പിക്കുന്ന ചടങ്ങാണ് തൂക്കത്തിൽ അന്തർഭവിച്ചിരിക്കുന്നത്. അതിനു തക്ക ക്ഷേത്രഘടനയും പരിസരവുമുള്ള ഗ്രാമീണ ക്ഷേത്രങ്ങളിലേ തൂക്കം നടത്താറുള്ളൂ.
കൊല്ലങ്കോട്, ശാർക്കര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ തൂക്കക്കാരനെ തൂക്കിയിടാൻ സജ്ജീകരിക്കുന്ന തടികൊണ്ടുള്ള സംവിധാനത്തെ വില്ല് എന്നാണ് പറയാറുള്ളത്. ഈ ക്ഷേത്രങ്ങളുടെ തൂക്കത്തിൽ വില്ലിലെ കൊളുത്ത് തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കുത്തിക്കയറ്റുന്നില്ല. അതിനാൽ അക്ഷരാർഥത്തിൽ ഇവിടെ രക്തബലി നടക്കുന്നില്ല. എങ്കിലും തൂക്കക്കാരനെ വില്ലിൽ നിന്ന് തൂക്കിയിടുന്ന അവസരത്തിൽ അയാളുടെ മുതുകിൽ സൂചികൊണ്ടോ മറ്റോ കുത്തി അല്പം രക്തം പുറത്തു കൊണ്ടുവരാറുണ്ട്. രക്തബലിക്കു പകരമുള്ള ഏർപ്പാടായി ഇതിനെ കണക്കാക്കാം. അതിനാൽ ശരീരത്തിൽ കൊളുത്ത് കുത്തിക്കയറ്റി രക്തബലി നടത്തിയിരുന്ന പ്രാചീന സമ്പ്രദായം ഉപേക്ഷിക്കപ്പെട്ടപ്പോൾ നിലവിൽ വന്ന പുതിയ സമ്പ്രദായമായിരിക്കാം കൊല്ലങ്കോട്ടും ശാർക്കരയിലും നിലനിൽക്കുന്നത്. തൂക്കക്കാരന്റെ ശരീരത്തിന്റെ മധ്യഭാഗത്ത് കച്ച ചുറ്റിക്കെട്ടി അത് വില്ലിലെ കൊളുത്തിൽ കടത്തിയാണ് തൂക്കക്കാരനെ ഇവിടെ തൂക്കിയിടാറുള്ളത്.

തൂക്കക്കാരെ തിരഞ്ഞെടുക്കുന്നത് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ്. തൂക്കക്കാരിൽ ഓരോ ആളും ഓരോ ശിശുവിനെ കൈകളിൽ ഭദ്രമായി വഹിച്ചു കൊണ്ടായിരിക്കും തൂങ്ങിക്കിടക്കുക. ആ ശിശുക്കളുടെ മാതാപിതാക്കൾ നടത്തുന്ന നേർച്ചയുടെ അടിസ്ഥാനത്തിലാണ് തൂക്കം തീരുമാനിക്കപ്പെടുന്നത്. എത്ര ശിശുക്കളുടെ വഴിപാടായി മാതാപിതാക്കൾ തൂക്കം നേരുന്നുവോ അത്രയും തൂക്കക്കാർ തിരഞ്ഞെടുക്കപ്പെടും. ആ തൂക്കക്കാർ തൂക്കം നടത്തുന്നതിന് 7 ദിവസം മുമ്പു മുതൽ ക്ഷേത്രത്തിൽ നിന്നു നൽകുന്ന ആഹാരം മാത്രം കഴിച്ച് ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞുകൂടണമെന്ന് നിർബന്ധമുണ്ട്. ഇപ്രകാരം വ്രതം അനുഷ്ഠിച്ചു കഴിഞ്ഞാൽ തൂക്കക്കാർ തൂക്കദിവസം രാവിലെ കുളികഴിഞ്ഞ് ശുദ്ധമായ ശരീരത്തോടു കൂടിയാണ് തൂക്കത്തിന് എത്തിച്ചേരുന്നത്.
കൊല്ലങ്കോട്ടും ശാർക്കരയിലും തൂക്കം നടത്തുന്നത് മീനമാസത്തിലെ ഭരണി നക്ഷത്രദിവസമാണ്. തൂക്കക്കാരെ കച്ചകൊണ്ട് ബന്ധിച്ച് തൂക്കക്കാവിലെ കൊളുത്തിൽ തൂക്കിയിട്ടുകഴിഞ്ഞാൽ ഓരോ തൂക്കക്കാരന്റെ കൈയിലും ഓരോ ശിശുവിനെ ഏല്പിക്കും. ആ തൂക്കക്കാരനേയും ശിശുവിനേയും വഹിക്കുന്ന തൂക്കവില്ല് ഏകദേശം 30-ൽപരം അടിയോളം ഉയർത്തപ്പെടും. തൂക്കവില്ലിന്റെ മറ്റേ അറ്റം രഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കും. ഭക്തന്മാർ ചേർന്ന് ആ രഥത്തെ മുന്നോട്ടു തള്ളി ക്ഷേത്രത്തിന് ചുറ്റും നയിക്കുന്നു. അങ്ങനെ തൂക്കവില്ല് ഒരു പ്രദക്ഷിണം വച്ചു കഴിഞ്ഞാൽ അതിന്റെ അഗ്രം താഴ്ത്തുകയും ശിശുവിനേയും തൂക്കക്കാരനേയും ബന്ധനത്തിൽ നിന്ന് മാറ്റുകയും ചെയ്യും. ഇതിനേത്തുടർന്ന് മറ്റൊരു തൂക്കക്കാരനേയും ശിശുവിനേയും വഹിച്ചുകൊണ്ട് തൂക്കവില്ല് വീണ്ടും ഉയരും. ഇപ്രകാരം ഒരു തൂക്കത്തിന് എത്ര നേർച്ചക്കാർ ശിശുക്കളെ കൊണ്ടുവരുന്നു എന്നതിനെ അനുസരിച്ച് അത്രയും തവണ തൂക്കം നടക്കുന്നു. ഗരുഡൻ തൂക്കം
കൊല്ലങ്കോട്ടെ ക്ഷേത്രത്തിലെ തൂക്കത്തിന് സമാന്തരങ്ങളായ രണ്ട് വില്ലുകൾ ഉപയോഗിക്കുന്നു. ഓരോ വില്ലിന്റെയും അഗ്രഭാഗത്ത് കുറുകെ ഓരോ തടിക്കഷണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടായിരിക്കും. ആ തടിക്കഷണത്തിന്റെ ഇരുഭാഗത്തുനിന്നുമായി ഓരോ വില്ലിനോടും രണ്ട് തൂക്കക്കാരെ ബന്ധിക്കുന്നു. അവരുടെ കൈയിൽ 4 ശിശുക്കളേയും ഏല്പിക്കുന്നു. അങ്ങനെ ഒരു തവണ വില്ല് പ്രദക്ഷിണം വയ്ക്കുമ്പോൾ 4 തൂക്കക്കാരും 4 ശിശുക്കളുമായിരിക്കും തൂക്കത്തിൽ പങ്കെടുക്കുന്നത്. ഈ രൂപത്തിലുള്ള തൂക്കത്തെ പിള്ളത്തൂക്കം എന്നാണ് പറയുന്നത്. പിള്ള എന്ന പദത്തിന് ശിശു എന്നർഥം. മൂന്ന് മാസം മുതൽ ഒരു വയസ്സുവരെ പ്രായമുള്ള ശിശുക്കളെയാണ് തൂക്കത്തിന് സമർപ്പിക്കാറുള്ളത്. ആ ശിശുക്കൾ, അഥവാ അവരുടെ മാതാപിതാക്കൾ ആണ് നേർച്ചക്കാർ.
ശാർക്കര ക്ഷേത്രത്തിലെ തൂക്കത്തിന് ഒരു വില്ല് മാത്രമേ ഉപ യോഗിക്കുന്നുള്ളൂ. അതിനാൽ ഒരേ സമയത്ത് രണ്ട് തൂക്കക്കാരും രണ്ട് ശിശുക്കളുമാണ് തൂക്കത്തിൽ പങ്കാളികളാകുന്നത്.


മുടിയേറ്റ്




കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്. കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്.ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി.
മുടിയേറ്റിൽ പ്രധാനമായും ഏഴു കഥാപാത്രങ്ങളാണ് ഉള്ളത്. ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ, കൂളി, കോയിമ്പിടാർ എന്നിവരാണ്‌ കഥാപാത്രങ്ങൾ. അലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടി കൊണ്ട്‌ ഭദ്രകാളിക്കളം വരയ്‌ക്കുന്നു. കളം പൂജ, കളം പാട്ട്‌, താലപ്പൊലി, തിരിയുഴിച്ചിൽ എന്നിവയ്‌ക്കു ശേഷം കളം മായ്‌ക്കും. അതു കഴിഞ്ഞാണ്‌ മുടിയേറ്റ്‌ തുടങ്ങുന്നത്‌. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട്‌ ദേവന്മാർക്കും മനഷ്യർക്കുമുള്ള ബുദ്ധിമുട്ടുകൾ നാരദൻ ഭഗവാൻ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ്‌ ആരംഭിക്കുന്നു. തുടർന്ന്‌ ദാരികന്റെ പുറപ്പാടാണ്.അസുരചരവർത്തിയായ ദാരികൻ തന്റെ ദുർഭരണം കാഴ്ചവെക്കുന്ന രംഗമാണിത്.ദാരികൻ നാലു ദിക്കിനെയും ആധാരമാക്കി തന്നോട് യുദ്ധം ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന് വെല്ലുവിളിക്കുന്നു.തുടർന്ന് ഭദ്രകാളി പുറപ്പാടാണ്. ദാരികവധത്തിനായ് ഭദ്രകാളി പോർക്കളത്തിലേക്ക് പാഞ്ഞടുക്കുകയും ദാരികനെ പോരിനുവിളിക്കുകയും ചെയ്യുന്നരംഗമാണിത്. തുടർന്ന് കാളിയുടെ കലി ശമിപ്പികാനായി നന്ദികേശൻ വേഷമാറിവരുന്നതാണ് കോയിമ്പടനായർ. സ്വയംപരിചയപ്പെടുത്തുകയും കൈലാസത്തിൽ നിന്നും യുദ്ധഭൂമിലേക്കുള്ള മാർഗ്ഗതടസങ്ങളെപറ്റി വിവരിക്കുകയും ചെയ്യുന്നു. അതിനുശേഷം കുളി പുറപ്പാടാണ് ഹാസ്യകഥാപാത്രയ കുളി മക്കളെ മുലയൂട്ടിയും ചിരിപ്പിച്ചും രംഗം മനോഹരമാക്കുന്നു. തുടർന്ന് കളിയും കുളിയും ദാരിക-ദാനവേദരന്മാരുമായി അതിഘോരമായ യുദ്ധം നടക്കുന്നു കളിയുടെ വൈഭവത്തിൽ ദാരിക-ദാനവേദരന്മാർ പാതാളത്തിൽ പോയിഒളിക്കുന്നു ഈ സമയം പോർക്കലി ബാധിച്ച ഭദ്രകാളിയുടെ മുടിപിഴുതെടുത്തു കോയിമ്പടനായർ ആയുധം നിലത്തുകുത്തി കലിശമിപ്പിക്കുന്നു. രാത്രിയിൽ മയായുദ്ധം ചെയ്യാൻ കഴിവുള്ള ദാരിക-ദാനവേദരന്മാർ രാത്രിയാകാൻ വേണ്ടികാത്തിരുന്നു. അസുരന്റെ മനം തിരിച്ചറിഞ്ഞ ഭദ്രകാളി തന്റെ നീണ്ടുചുരുണ്ട മുടിഅഴിച്ചിട്ടു സൂര്യാഭിംബം മറച്ചു ഇരുട്ടാക്കി. രാത്രിയായെന്നു കരുതി മായായുദ്ധത്തിന് ഇറങ്ങിയ ദാരിക-ദാനവേദരന്മാരെ ഇരുട്ടുമാറ്റി വധിച്ചു ഭൂമിയുടെ ഭാരംതീർത്തു ഇത്രയും ഭാഗമാണ് മുടിയേറ്റ്.
ചെണ്ടയും ഇലത്താളവും ആണ് പ്രധാന വാദ്യങ്ങൾ. കൂടാതെ വീക്കുചെണ്ട, ചേങ്ങല എന്നീ വാദ്യങ്ങളും ഉപയോഗിക്കുന്നു. നിലവിളക്ക് മാത്രമാണ് ദീപസം‌വിധനമെങ്കിലും തീവെട്ടിയും പന്തങ്ങളും വെളിച്ചത്തിനായി ഉപയോഗിക്കുന്നു. ചാക്യാർകൂത്തിനോടും കഥകളിയോടും ചില അംശങ്ങളിൽ സാമ്യമുള്ള ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ തിരുവിതാംകൂറും കൊച്ചിയുമാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ മുടിയേറ്റ്‌ വഴിപാടായി നടത്തിവരുന്ന ഏക ക്ഷേത്രം കോട്ടയം ഏറ്റുമാനൂരിൽ നീണ്ടൂരിനടുത്തു സ്ഥിതിചെയ്യുന്ന ശ്രീ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രം ആണ്. ശങ്കരൻകുട്ടിമാരാർ സ്മാരക മുടിയേറ്റ് സംഘം കീഴില്ലം ആണ് വർഷങ്ങളായി ഇവിടെ മുടിയേറ്റ്‌ നടത്തിപ്പോരുന്നത് .മൂവാറ്റുപുഴ വാരപ്പെട്ടി ശ്രീ എളങ്ങവത്ത് കാവിലെ മുടിയേറ്റും പ്രശസ്തമാണ്.ഇത് കൂടാതെ തൊടുപുഴ ക്ക് അടുത്ത് പുരാതനമായ അറക്കുളത്ത് കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ വർഷങ്ങളായി പുത്തൻകുരിശ് അപ്പുക്കുട്ടൻ മാരാരും സംഘവുമാണ് മുടിയേറ്റ് അവതരിപ്പിച്ച് വരുന്നത്. അറക്കുളത്ത് കാവിന് സമീപം കുടയത്തൂർ മങ്കൊമ്പ് കാവിലും ഇപ്പോൾ ഉത്സവത്തോടനുബന്ധിച്ച് മുടിയേറ്റ് വഴിപാടായി നടത്തി വരുന്നു.
കഥാപാത്രങ്ങൾക്ക്‌ മുഖത്ത്‌ ചമയവും കിരീടവും ഉടുത്തുകെട്ടും ഉണ്ട്‌. അരിമാവും ചുണ്ണാമ്പും ചേർത്ത്‌ കാളിയുടെ മുഖത്ത്‌ ചുട്ടികുത്തുന്നു. മരമോ ലോഹമോ കൊണ്ട്‌ ഉണ്ടാക്കിയ വലിയ കിരീടം (മുടി) കാളി തലയിൽ അണിയുന്നു. മുടിയേറ്റ്‌ എന്ന്‌ പേരുണ്ടാകാനും കാരണം ഇതായിരിക്കാം എന്നു കരുതപ്പെടുന്നു.

നിലവിലുള്ള മുടിയേറ്റ് സംഘങ്ങൾ

 ശ്രീഭദ്ര മുടിയേറ്റ് സംഘം തിരുമറയൂർ വിജയൻമാരാർ

 ശങ്കരൻകുട്ടിമാരാർ സ്മാരക മുടിയേറ്റ് സംഘം കീഴില്ലം

 മുടിയേറ്റ് സംഘം പാഴൂർ

 മുടിയേറ്റ് സംഘം കൊരട്ടി

 ശ്രീദുർഗ്ഗ മുടിയേറ്റ് സംഘം, പുത്തങ്കുറി



Post a Comment

0 Comments