Ticker

6/recent/ticker-posts

Temple art 3

തെയ്യം



ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണു തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു.
നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം.
തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി) . കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു.(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.
വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം
ദൈവം എന്ന പദത്തിൽ നിന്നാണ്‌ തെയ്യത്തിന്റെ ഉത്പത്തി എന്നാണ്‌ ഡോ.ഹെർമൻ ഗുണ്ടർട്ട് പറയുന്നത്. തെയ്യന്റെ ആട്ടമാണ്‌ തെയ്യാട്ടം. അത് തെയ്യത്തിന്റെ ആട്ടമോ തീ കൊണ്ടുള്ള ആട്ടമോ ആകാമെന്ന് ചേലനാട്ട് അച്യുതമേനോൻ പറയുന്നു.. തമിഴിൽ തെയ്‌വം എന്ന രൂപമാണ്‌ ദൈവശബ്ദത്തിന്‌ സമമായി കാണപ്പെടുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്. വൈദികേതരമായ അനുഷ്ഠാനചര്യകളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം തമ്പുരാൻ നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപമാണ്. വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. തെയ്യത്തെ തോറ്റിച്ച് (പ്രാർത്ഥിച്ച്) ഉണർത്തുന്ന പാട്ടാണ് തോറ്റം പാട്ട്. പ്രത്യേകകാലങ്ങളിൽ സമൂഹജീവിതത്തെ സമർത്ഥമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യ രൂപം കൂടിയാണ് തോറ്റം പാട്ടുകൾ. തോറ്റം പാടുന്ന ഇളം കോലത്തിനും തോറ്റം എന്നു പറയും. ചില തെയ്യങ്ങൾക്ക് തലേന്നാൾ വെള്ളാട്ടമാണ് കെട്ടിയാടുന്നത്.
തെയ്യത്തിൽകാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിളത്തെയ്യങ്ങൾ മലബാറിന്റെ സാമൂഹികനിഷ്പക്ഷതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌. 'നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര'(എല്ലാവരുടേയും രക്തത്തിൻറെ നിറം ഒന്നു തന്നെ എന്ന്) എന്നു ചോദിക്കുന്ന പൊട്ടൻ തെയ്യവുംതെളിയിക്കുന്നതും മറ്റൊന്നല്ല

തുലാമാസത്തിൽ ( ഒക്ടോബർ-നവംബർ) പത്താം തീയ്യതി കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നതു്. ഇടവപ്പാതിയിൽ (ഏകദേശം ജൂൺ 15) വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെ കളിയാട്ടക്കാലം അവസാനിക്കും. കോലത്തിരിരാജാവിന്റെ ആജ്ഞയനുസരിച്ചു കരിവെള്ളൂർ മണക്കാടൻ ഗുരുക്കൾ ഒറ്റ ദിവസം തന്നെ 39 തെയ്യങ്ങളെ കെട്ടിയെന്നു് ഐതിഹ്യമുണ്ടു്. മണക്കാടൻ ഗുരുക്കളാണ് തെയ്യത്തിന് രൂപവും ഭാവവും നൽകിയത്.
തെയ്യം കെട്ടിയാടിവരുന്നത് വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, വേലൻ, ചിങ്കത്താൻ, മാവിലൻ, കോപ്പാളർ അഥവാ നൽക്കദായ എന്നീ സമുദായങ്ങളിൽപ്പെട്ടവരാണ്.



തിറയാട്ടം



കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് 'തിറയാട്ടം.  ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ്‌ തിറയാട്ടം. തനതായ ആചാരാനുഷ്ഠാനങ്ങളും വേഷവിധാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്തെ മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്‌. തിറയാട്ടത്തിലെ വിചിത്രമായ വേഷവിധാനങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാക്തനകാലത്തെ സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്. മലബാറിലെ "തെയ്യം", മദ്ധ്യകേരളത്തിലെ "മുടിയേറ്റ്‌", തിരുവിതാംകൂറിലെ "പടയണി", തുളുനാട്ടിലെ "കോള" എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്. എന്നാൽ വള്ളുവനാടൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന"പൂതനും തിറയും" എന്ന കലാരൂപവുമായി തിറയാട്ടത്തിനു ബന്ധമില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാവുകളിലാണ് തിറയാട്ടം നടത്തപ്പെടുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് തിറയാട്ടകാലം. ദേവതാസങ്കൽപ്പങ്ങളുള്ള മരക്കൂട്ടങ്ങളാണ് കാവുകൾ. പൗരോഹിത്യരഹിത ആരാധനാക്രമങ്ങളാണ് ഈ കാവുകളിൽ അനുവർത്തിച്ചുവരുന്നത്. ആര്യ- ദ്രാവിഡ സംസ്കാരങ്ങളുടെ മിശ്രണം കാവാചാരങ്ങളിലും തിറയാട്ടത്തിലും പ്രകടമാണ്.
 വൃക്ഷാരാധന, നാഗാരാധന, പ്രകൃതിആരാധന, വീരാരാധന, മലദൈവസങ്കൽപ്പങ്ങൾ, പ്രാദേശിക ദൈവസങ്കൽപ്പങ്ങൾ മുതലായ പ്രാചീന ആചാരക്രമങ്ങൾ കാവുകളിലും തിറയാട്ടത്തിലും അനുവർത്തിച്ചുവരുന്നു. ഇവിടെ ജാതിവ്യവസ്ഥയും പൗരോരോഹിത്യവും പ്രബലമായിരുന്നപ്പോഴും കാവുകളിലെ തിറയാട്ടം അടിയാളവർഗ്ഗത്തിന്റെ സ്വത്വബോധെത്ത ജ്വലിപ്പിച്ചുകൊണ്ട് ആത്‌മാവിഷ്ക്കാരത്തിനും സാമൂഹ്യവിമർശനത്തിനുമുള്ള ഉത്തമ വേദിയായി നിലകൊണ്ടു. പെരുമണ്ണാൻസമുദായത്തിനാണ് തിറകെട്ടിയാടുന്നതിനുള്ള അവകാശം പരമ്പരാഗതമായി ലഭിച്ചിരിക്കുന്നത്. എന്നാൽ പാണർ, ചെറുമർ സമുദായങ്ങളും തിറകെട്ടിയാടുന്നുണ്ട്. പുരുഷന്മാർ മാത്രമേ ഈ കലാരൂപം അവതരിപ്പിക്കാറുളളൂ. തിറയാട്ടത്തെ വെള്ളാട്ട്, തിറ, ചാന്തുതിറ എന്നിങ്ങനെ മൂന്നായി തിരിക്കാം. പകൽവെളിച്ചത്തിൽ നടത്തുന്നതാണ് വെള്ളാട്ട്.. രാത്രിയിൽ ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിറക്കോലങ്ങൾ ചടുലനൃത്തമാടുന്നു. മൂർത്തികളുടെ ബാല്യത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വെള്ളാട്ട്കോലങ്ങൾ അതുപോലെ തിറക്കോലങ്ങൾ യൗവനത്തേയും ചാന്തുതിറ വർദ്ധക്യത്തേയും സൂചിപ്പിക്കുന്നു. പുരാവൃത്തപ്രകാരമുള്ള ദേവതകൾക്കും പ്രാദേശിക ദൈവസങ്കൽപ്പത്തിലുള്ള ദേവതകൾക്കും കുടിവെച്ച മൂർത്തികൾക്കും തിറകെട്ടാറുണ്ട്. ലളിതമായ ചമയങ്ങളാണ് വെള്ളാട്ടിനുളളത്. വർണ്ണാഭമായ ചമയങ്ങളും ചടുലമായ നൃത്തവും തിറയുടെ പ്രത്യേകതയാണ്. ലളിതമായ വേഷവിധാനമാണ്‌ ചാന്തുതിറക്കുള്ളത്. മലദൈവക്കാവുകളിൽ മാത്രമേ ചാന്തുതിറ (ചാന്താട്ടം) നടത്താറുളളൂ. ഓരോ കോലങ്ങൾക്കും പ്രത്യേകം മുഖത്തെഴുത്തും മേലെഴുത്തും നിഷ്ക്കർ‍‍ഷിച്ചിരിക്കുന്നു. പ്രകൃതിദത്ത വസ്തുക്കൾകൊണ്ടാണ് കോലങ്ങളുടെ നിർമ്മാണം.  ഇതിനായി കുരുത്തോല, പാള, മുള, ചിരട്ട, തടി, എന്നിവ ഉപയോഗിക്കുന്നു. തിറയാട്ടത്തിൽ ചെണ്ട, ഇലത്താളം, തുടി, പഞ്ചായുധം, കുഴൽ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. കോലങ്ങൾ ആട്ടത്തിനിടയിൽ കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ പ്രതീകാത്മക ആയുധങ്ങൾ പ്രയോഗിച്ച് ചുവടുകൾ വെക്കുന്നു. കരുമകന് കുന്തം, കരിവില്ലിക്ക് അമ്പും വില്ലും, ഭഗവതിക്ക് പള്ളിവാൾ, വീരഭദ്രന് വെണ്മഴു, മൂർത്തിക്ക് ദണ്ഡും പരിചയും എന്നിങ്ങനെ പ്രതീകാത്മക ആയുധങ്ങൾ നൽകിയിരിക്കുന്നു. ചൂട്ടുകളിക്കൊപ്പമാണ്‌ തിറകോലങ്ങൾ ചടുലനൃത്തം ചെയ്യുന്നത്. ഇരുകൈകളിലും കത്തിച്ച ചൂട്ടുമായി മേളത്തിനൊപ്പം താളാത്മകമായി നൃത്തവും ആയോധന മുറകളും പ്രദർശിപ്പിക്കുന്നതാണ് ചൂട്ടുകളി. ഓരോ തിറകൾക്കും പ്രത്യേകം തോറ്റങ്ങളുംഅഞ്ചടികളും നിലവിലുണ്ട്. ദേവതകളുടെ പുരാവൃത്തം സുദീർഘമായി തോറ്റങ്ങളിൽ പ്രതിപാദിക്കുന്നു. ദേവതകളുടേയും കുടിവെച്ച മൂർത്തികളുടേയും പുരാവൃത്തം ആറ്റിക്കുറുക്കിയതാണ് അഞ്ചടി. തിറയാട്ടത്തിൽ മാത്രമുള്ള ഗീതങ്ങളാണ് അഞ്ചടികൾ. പ്രാസഭംഗിയും ആലാപനമികവും അഞ്ചടികളെ ശ്രദ്ധേയമാക്കുന്നു. ശിവഭാവങ്ങളോ ശിവജന്യങ്ങളായ ദേവമൂർത്തികളും, ദേവീ ഭാവങ്ങളോ ദേവീജന്യങ്ങളായ ദേവീ മൂർത്തികളും തിറയാട്ടത്തിലുണ്ട്. കൂടാതെ മൺമറഞ്ഞ കാരണവന്മാർക്കും മറ്റു വിശിഷ്ട വ്യക്തിത്വങ്ങൾക്കും തിറയാട്ടത്തിൽ കോലം കെട്ടിയാടുന്നു. ഇവയെ കുടിവെച്ച മൂർത്തികൾ എന്നുപറയുന്നു. കോലധാരികൾ (കെട്ടിയാട്ടക്കാർ), ചമയക്കാർ, വാദ്യക്കാർ, കോമരങ്ങൾ (വെളിച്ചപ്പാട്) അനുഷ്ഠാന വിദ്വാൻമാർ, സഹായികൾ എന്നിവരടങ്ങിയ തിറയാട്ടസമിതികളാണ് കാവുകളിൽ തിറയാട്ടം അവതരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനകോലം ഭഗവതിത്തിറയാണ്. പുരാവൃത്തത്തിലെ ദാരികാവധം ഇതിവൃത്തമാക്കിയാണ് ഭഗവതിത്തിറയുടെ അവതരണം. ഭദ്രകാളി, നീലഭട്ടാരി, നാഗകാളി, തീചാമുണ്ഡി, തുടങ്ങിയ ദേവീഭാവ കോലങ്ങളും കരുമകൻ, കരിയാത്തൻ, കരിവില്ലി, തലശിലവൻ, കുലവൻ, കണ്ടാകർണ്ണൻ, മുണ്ട്യൻ, ഭൈരവൻ, കുട്ടിച്ചാത്തൻ, വീരഭദ്രൻ, മുതലായ ദേവഭാവത്തിലുള്ള കോലങ്ങളും ഗുരുമൂർത്തി, മുത്തപ്പൻ, ധർമ്മദൈവം, ചെട്ടിമൂർത്തി, പെരുമണ്ണാൻ മൂർത്തി , സ്‌ത്രീമൂർത്തി , തുടങ്ങിയ കുടിവെച്ച മൂർത്തികൾക്കുള്ള കോലങ്ങളും തിറയാട്ടത്തിലുണ്ട്. അനുഷ്ഠാനങ്ങളാൽ സമ്പന്നമാണ്‌ തിറയാട്ടം. ഇരുന്നു പുറപ്പാട്, കാവിൽകയറൽ, പൂവും നാരും കയ്യിഷ്ഠമെടുക്കൽ, വില്ലികളെ കെട്ടൽ, കാവുണർത്തൽ, ഊൺത്തട്ട്‌, അണിമറ പൂജ, ഓടക്കു കഴിക്കൽ, മഞ്ഞപ്പൊടി ആരാധന, തിരുനെറ്റി പതിക്കൽ, ഗുരുതി തർപ്പണം, പീഠം കയറൽ, ചാന്തുതിറ, കുടികൂട്ടൽ മുതലായവ പ്രധാന അനുഷ്ഠാനങ്ങളാണ്.
തിറയാട്ടത്തിൽ കോലങ്ങളുടെ പൂർണ്ണതക്കും വൈവിധ്യത്തിനും കരണമാകുന്ന പ്രധാന ഘടകം ചമയങ്ങളാണ്. മുഖത്തെഴുത്ത് , മേലെഴുത്ത്, ഉടയാടകൾ, തലച്ചമയങ്ങൾ , മെയ്യ്ച്ചമയങ്ങൾ, അരച്ചമയങ്ങൾ, കൈ-കാൽ ചമയങ്ങൾ, മുടികൾ, ആയുധങ്ങൾ എന്നിവ തിറയാട്ടത്തിലെ ചമയ സമുഛയങ്ങളിൽ പ്പെടുന്നു. ഓരോ കോലങ്ങൾക്കും ഉപയോഗിക്കേണ്ട ചമയങ്ങൾ ക്രമപ്രകാരം നിഷ്ഠയോടെ ധരിപ്പിക്കുന്നു
അനുഷ്ഠാന ഗോത്രകലാ രൂപമായ തിറയാട്ടത്തിൽ കാവുകളിലെ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ച് വിവിധ തരം കോലങ്ങൾ കെട്ടിയാടുന്നു. ഭഗവതി കാവുകളിൽ ഭഗവതി , ഭദ്രകാളി, ഓടക്കാളി, കരിങ്കാളി, നീലഭട്ടാരി,ചാമുണ്ടി, തീചാമുണ്ടി, വസൂരിമാല,ഇട്ടിക്കുറുമ്പ, മുതലായ ദേവീഭാവ കോലങ്ങൾ കെട്ടിയാടുന്നു. മലദൈവ കാവുകളിൽ കരുമകൻ, കരിയാത്തൻ, കരിവില്ലി, കുലവൻ, തലശിലവൻ, കണ്ടാകർണ്ണൻ, കുട്ടിച്ചാത്തൻ, വേട്ടക്കൊരുമകൻ, വീരഭദ്രൻ, തുടങ്ങിയ ശിവഭാവങ്ങളോ ശിവജന്യങ്ങളോ ആയ കോലങ്ങൾ കണ്ടുവരുന്നു. ഇവകൂടാതെ കുടിവെച്ച മൂർത്തികൾക്കും (വീരാരാധന) പ്രാദേശിക ദൈവ സങ്കൽപ്പത്തിലുള്ള മൂർത്തികൾക്കും കോലം കെട്ടിയാടാറുണ്ട്. ഗുരു, ഗുരുമൂർതി,ഗുരുമുത്തപ്പൻ,ഗുരു- ശിഷ്യൻ, ചെട്ടിമൂർത്തി, സ്തീമൂർത്തി, പെരുമണ്ണാൻ മൂർത്തി മുതലയവ കുടിവെച്ച മൂർത്തികളാണ്. മൂർത്തി സങ്കൽപ്പത്തിൽ കാണുന്ന അനേകം കോലങ്ങൾ പ്രാദേശിക ദൈവ സങ്കൽപ്പത്തിലുള്ള കോലങ്ങളാണ്. തിറയാട്ടത്തെ വെള്ളാട്ട്, തിറയാട്ടം, ചാന്താട്ടം എന്നിങ്ങനെ മൂന്നായി വർഗ്ഗീകരിക്കാം. ഇവ യഥാക്രമം ദേവതയുടെ കൗമാരം, യവ്വനം, വാർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു.
കാവിലെ ഉത്സവ ദിവസം ഉച്ചക്ക് ശേഷമാണ്‌ വെള്ളാട്ട് ആരംഭിക്ക. വെള്ളാട്ടുകൾ എല്ലാം പകൽവെളിച്ചത്തിൽ നടത്തണം എന്നതാണ് നിയമം.
രാത്രിയിൽ ചൂട്ട്‌വെളിച്ചത്തിലാണ് തിറയാട്ട കോലങ്ങൾ ആടുന്നത്. മലദൈവ കാവുകളിൽ പ്രധാന ദേവൻറെ കോലമാണ് ചാന്താട്ടം നടത്തുന്നത്.
വെള്ളാട്ട് -: കാവിലെ ദേവതാ സങ്കൽപ്പം അനുസരിച്ച് ഒന്നോ ഒന്നിലധികമോ വെള്ളട്ടുകൾ നടത്താറുണ്ട്‌ . മനുഷ്യ ജീവിതവുമായി ബന്ധിപ്പിച്ച് ദേവതയുടെ കൗമാരത്തെ സൂചിപ്പിക്കുന്നതാണ് വെള്ളാട്ട് ഉൽത്സവദിവസം ഉച്ചക്ക് ശേഷമാണ്‌ കാവിൽ വെള്ളാട്ട് ആരംഭിക്കുന്നത്. തിറയെ അപേക്ഷിച്ച താരതമ്യേന ലളിതമായ വേഷവിധാനങ്ങളാണ് വെള്ളാട്ടിനുള്ളത് . കാവിലെ ദേവഭാവത്തിലുള്ള മൂർത്തികൾക്കും കുടിവെച്ച മൂർത്തികൾക്കും വെള്ളാട്ട് നടത്തും. ഗുരുമൂർത്തി, ഭഗവതി, ഭദ്രകാളി, നാഗകാളി, കരുമകൻ, കാരിയാത്തൻ, കരിവില്ലി, മൂർത്തി, എന്നിവ ജനപ്രിയ വെള്ളാട്ടുകളാണ്. പുറപ്പാട് , പ്രദക്ഷിണം, ഇളകിയാട്ടം, ദർശനം, സമർപ്പണം എന്നീ അഞ്ച് ഘട്ടങ്ങളാണ് വെള്ളാട്ടിനുള്ളത്. എല്ലാ കോലങ്ങൾക്കും പുറപ്പടിൻറെ താളങ്ങളും ചുവടുകളും ഒരുപോലയാണ്. പുറപ്പാടിൽ തൊഴുതു കുബിടൽ എന്ന താളനിബദ്ധമായ ചുവടുകൾ ഏറെ ആകർഷകമാണ്‌. കെട്ടിയാട്ടക്കാരൻറെ പ്രാഗൽഭ്യം തെളിയിക്കുന്നതും ഇവിടെയാണ്.
തിറയാട്ടത്തിൽ വാദ്യങ്ങൾക്ക് പ്രമുഖ സ്ഥാനം നൽകീരിക്കുന്നു. ചെണ്ട, ഇലത്താളം, തുടി, പഞ്ചായുധം, കുറുങ്കുഴൽ എന്നിവയാണ് വാദ്യങ്ങൾ. ചെണ്ടയുടെ ദ്രുതതാളത്തിനൊപ്പം ചടുല നൃത്തം ചെയ്യുന്ന കോലങ്ങൾ കാണികളിൽ അവാച്യമായ അനുഭൂതി ഉളവാക്കുന്നു.

Post a Comment

0 Comments